
റംലത്തുമായുള്ള വിവാഹ ബന്ധം വേർപിരിയും മുമ്പായിരുന്നു നടൻ പ്രഭുദേവ നടി നയൻതാരയുമായി ബന്ധം സ്ഥാപിച്ചത്. നയൻതാരയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി പിന്നീട് പ്രഭുദേവ ആദ്യ ഭാര്യ റംലത്തിനെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. പ്രഭുദേവക്ക് വേണ്ടി അഭിനയം അവസാനിപ്പിക്കാൻ പോലും നയൻതാര തയ്യാറായിരുന്നു. എന്നാൽ, എന്തുകൊണ്ടോ ആ ബന്ധം നീണ്ടുനിന്നില്ല. ഇന്ന് പ്രഭുദേവയും നയൻതാരയും വെവ്വേറെ വിവാഹങ്ങൾ കഴിച്ച് സുഖമായി ജീവിക്കുന്നു. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് പ്രഭുദേവയുടെ ആദ്യഭാര്യ റംലത്ത്.
ഇസ്ലാംമത വിശ്വാസിയായിരുന്നു റംലത്ത്. പ്രഭുദേവയെ വിവാഹം കഴിക്കാനായാണ് അവർ മതംമാറി ഹിന്ദുവായത്. പ്രഭുദേവ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോയെങ്കിലും ഇന്നും ഹിന്ദുവായാണ് റംലത്തിന്റെ ജീവിതം. മൂന്നു മക്കളായിരുന്നു പ്രഭുദേവ - റംലത്ത് ദമ്പതികൾക്കുണ്ടായിരുന്നത്. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചു. മൂത്തമകന്റെ മരണത്തിന് പിന്നാലെയാണ് പ്രഭുദേവ നടി നയൻതാരയുമായി പ്രണയത്തിലാകുന്നത്. തന്റെ ഭർത്താവ് മറ്റൊരു നടിയുമായി ബന്ധം സ്ഥാപിച്ചതറിഞ്ഞ റംലത്ത് അന്ന് അതിനെതിരെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പ്രഭുദേവ, റംലത്തിനെ ഡിവേഴ്സ് ചെയ്യുന്നത്. വളരെ കുറച്ച് വർഷങ്ങളുടെ ആയുസേ നയൻതാര - പ്രഭുദേവ പ്രണയത്തിനുണ്ടായിരുന്നുള്ളൂ. എന്നാൽ, വിവാഹമോചനത്തിന് ശേഷം തന്റെ ജീവിതം എങ്ങനെയെന്ന് റംലത്ത് ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം.
പ്രഭുദേവയുമായി പിരിയുമ്പോൾ മക്കൾ തന്റെ കൂടെ വേണമെന്നാണ് താൻ തീരുമാനിച്ചതെന്നാണ് റംലത്ത് പറയുന്നത്. അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്. അവർക്ക് വേണ്ടതെല്ലാം അവരുടെ അച്ഛൻ ചെയ്ത് കൊടുക്കുമെന്നും അഭിമുഖത്തിൽ റംലത്ത് പറയുന്നു.
ഞാൻ മക്കളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്യാറില്ല. രണ്ട് പേരും നന്നായി കുക്ക് ചെയ്യും. അടുക്കള അലങ്കോലമാക്കിയിടും. അത് ക്ലീൻ ചെയ്ത് വെക്കാൻ വഴക്ക് പറയും. മറ്റൊന്നിനും വഴക്ക് പറയാറില്ല. മക്കളെ ഫ്രണ്ട്ലിയായാണ് വളർത്തേണ്ടത്. അല്ലെങ്കിൽ എന്ത് ചെയ്താലും നമ്മളെ അടിക്കും, അതുകൊണ്ട് ഇഷ്ടമുള്ളത് ചെയ്യാം എന്ന് മക്കൾ കരുതും. താനും മക്കളോട് തുറന്ന് സംസാരിക്കാറുണ്ടെന്ന് റംലത്ത് വ്യക്തമാക്കി.
മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചതിനെക്കുറിച്ചും റംലത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്. അത് ഉൾക്കൊള്ളുക ബുദ്ധിമുട്ടാണെന്ന് റംലത്ത് പറയുന്നു. ചില സമയത്ത് എനിക്ക് ആരോടും സംസാരിക്കാൻ തോന്നില്ല. നിശബ്ദയായി മുറിക്കുള്ളിൽ ഇരിക്കും. ആ സമയം വളരെ സ്ട്രഗിൾ ആയിരുന്നു. മക്കളോട് നേരിട്ട് ഞാനിത് പറഞ്ഞിട്ടില്ല. അവർ വളർന്ന് ഫോട്ടോ കണ്ട് മനസിലാക്കി. അവർ വളരെ ചെറിയ കുട്ടികളായിരുന്നു. വളർന്ന ശേഷം മനസിലാക്കി. അവൻ ഇല്ലെന്ന് കരുതി കരഞ്ഞ് കൊണ്ടിരുന്നാൽ മറ്റ് രണ്ട് മക്കളെയും എനിക്ക് നന്നായി വളർത്താൻ പറ്റില്ല. അതിനാൽ താൻ മാറുകയായിരുന്നെന്നും റംലത്ത് പറയുന്നു.
ഡിവോഴ്സിന് ശേഷം വളരെ സ്ട്രോങ് ആയിരിക്കണം. അല്ലെങ്കിൽ ഒന്നും അഭിമുഖീകരിക്കാൻ പറ്റില്ല. ചില ചോദ്യങ്ങൾ ആളുകൾ ചോദിക്കും. അപ്പോൾ തീർച്ചയായും ധെെര്യം വേണം. ഡിവോഴ്സ് ആയോ എന്ന് തന്നെ ചോദിക്കാൻ പാടില്ല. അത് അവരുടെ സ്വകാര്യ കാര്യമാണ്. ലൗ മാര്യേജ് അണെങ്കിലും ഡിവോഴ്സിന് ശേഷം എല്ലാ സ്നേഹവും മക്കൾക്ക് നൽകുന്നു. അദ്ദേഹത്തോടുള്ള ദേഷ്യം മക്കളോട് കാണിച്ചിട്ടില്ലെന്നും റംലത്ത് വ്യക്തമാക്കി.
മുസ്ലിം മതസ്ഥയായിരുന്ന ഞാൻ വിവാഹത്തിന് ശേഷമാണ് മതം മാറിയതെന്ന് റംലത്ത് വെളിപ്പെടുത്തി. ഇപ്പോഴും ഹിന്ദു മതവിശ്വാസമാണ് താൻ പിന്തുടരുന്നെന്നും റംലത്ത് പറയുന്നുണ്ട്. മൂത്ത മകന്റെ ഒരുപാട് ഫോട്ടോകളുണ്ടായിരുന്നു. അവൻ മരിച്ച ശേഷം മറ്റ് രണ്ട് മക്കളുടെ ഫോട്ടോ എടുക്കാതായി. ഫോട്ടോ എടുക്കരുതെന്ന തോന്നൽ തനിക്ക് വന്നെന്നും റംലത്ത് പറയുന്നു.
ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ് പ്രഭുദേവ. ഹിമാനി സിംഗ് എന്നാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുണ്ട്. സംവിധായകൻ വിഘ്നേശ് ശിവനെയാണ് നയൻതാര വിവാഹം കഴിച്ചത്. രണ്ടുപേരും വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ടു കൊണ്ടുപോകുമ്പോൾ, ഇവർ കാരണം ഒറ്റപ്പെട്ടുപോയ ഒരു സ്ത്രീ മരിച്ചുപോയ മൂത്തമകനെ കുറിച്ചുള്ള ദുഖങ്ങൾ ഉള്ളിലൊതുക്കി മറ്റു രണ്ടു മക്കളുടെ ലോകത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയാണ്.











